ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു. പഞ്ചാബിൽ അധികാരം പിടിച്ച എഎപി ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസാണ് നിലവിൽ എഎപിയുടെ വലിയ എതിരാളി. എന്നാൽ സംസ്ഥാനത്തെ ശക്തിയിൽ താരതമ്യേന ദുര്‍ബലരാണ് ബിജെപി. ആകെയുള്ള 13 ലോക്സഭാ സീറ്റുകളിൽ ഇക്കുറി എഎപിയും കോൺഗ്രസും തമ്മിലാണ് കനത്ത പോരാട്ടം നടക്കുക. മറ്റിടങ്ങളിൽ സഖ്യമായി മത്സരിക്കുന്ന ഇരു പാര്‍ട്ടികളും തമ്മിൽ പഞ്ചാബിൽ നേര്‍ക്കുനേര്‍ പോരാട്ടമാണ്.
അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആം ആദ്മി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ യുവമോർച്ച – എഎപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.