ചെന്നൈ : സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി.
‘‘1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മർദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു.
ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളുമാണു പീഡിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായി.’’– ചാർമിള പറഞ്ഞു.
സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽനിന്ന് ഒഴിവാക്കി.
ഒരുപാട് മലയാള സിനിമകൾ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്റിന് തയാറാകാത്തത് കൊണ്ടാണ്. നാലു ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളത് മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.