തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരായ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം കുറേ കാലമായി ഉന്നയിക്കുന്ന ആരോപണമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തില്‍ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തിലാണ് പെരുമാറുന്നത്. അതിന് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ആരോപണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോട് കൂടി എഡിജിപി കൊലപാതകം നടത്തുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കടത്ത് നടത്തുന്ന സംഘവുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിരുന്നു. മുഖ്യന്റെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ എംഎല്‍എ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സഹായിക്കുകയാണ് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി ചെയ്യുന്നത്. ബിജെപിയുമായി ബന്ധമുണ്ടെന്നായിരുന്നു ഇപി ജയരാജനെതിരെയുള്ള ആരോപണം. ബിജെപിയുമായുള്ള ബന്ധം ജയരാജനും മുഖ്യമന്ത്രിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ തൃശൂരില്‍ സഹായിക്കാന്‍ വേണ്ടി മനപ്പൂര്‍വം മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയത്. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപമാണിത്. രാത്രി മുഴുവന്‍ കമ്മീഷണര്‍ അലങ്കോലമാക്കി. ഇത് മുഖ്യമന്ത്രി അറിയില്ലേ. മുഖ്യമന്ത്രി അനങ്ങിയില്ല, ഡിജിപിയും എഡിജിപിയും അനങ്ങിയില്ല. പൂരം കലക്കി ബിജെപിയുടെ കയ്യില്‍ കൊടുത്തുവെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. ഇപ്പോള്‍ അത് സിപിഐഎം എംഎല്‍എ പറയുന്നു. മുഖ്യമന്ത്രി നിഷേധിക്കട്ടെ,’ വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയും അധപതിച്ച കാലമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത്, കൊലപാതകം, ബിജെപി ബാന്ധവം, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം പോകേണ്ടതാണ്. അന്ന് കേന്ദ്ര ഏജന്‍സികള്‍ സഹായിച്ച് രക്ഷപ്പെട്ടു. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. പത്തനംതിട്ട എസ്പിയും നിലമ്പൂർ എംഎല്‍എയും നടത്തിയ സംഭാഷണം ഞെട്ടലുണ്ടാക്കുന്നു. എഡിജിപിയുടെ അളിയന്മാര്‍ പൈസയുണ്ടാക്കുന്നു, ഓരോ വൃത്തികേടിനും കൂട്ടുനില്‍ക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനെല്ലാം കുട പിടിച്ച് കൊടുക്കുന്നു. അടിയന്തരമായി ഇന്ന് തന്നെ ഇതിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണം. പൊളിറ്റിക്കല്‍ സെക്രട്ടറിയെ പുറത്താക്കണം. മുഖ്യമന്ത്രി രാജിവെക്കണം’; സതീശന്‍ വ്യക്തമാക്കി.
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത്കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നുവെന്നും പി വി അന്‍വര്‍ ആരോപിച്ചു.