ഇംഫാൽ : മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ‘കുക്കി വിമതരെന്നു സംശയിക്കുന്ന’ ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സ്‌നിപ്പർമാരെയും ഡ്രോൺ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇവരുടെ 12 വയസ്സുള്ള മകൾക്കു പരുക്കുണ്ട്. മറ്റൊരാൾ കൂടി കൊല്ലപ്പെട്ടതായും മരണസംഖ്യ രണ്ടായെന്നും സംസ്ഥാന പൊലീസും ആഭ്യന്തര വകുപ്പും പ്രസ്താവനകളിൽ അറിയിച്ചു. പൊലീസ് കമാൻഡോയാണു മരിച്ചതെന്നാണു സൂചന. 2 പൊലീസുകാർ ഉൾപ്പെടെ മറ്റു 8 പേർക്കു പരുക്കേറ്റു. ജനവാസ മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കുമെന്ന് ആശങ്കയുണ്ടെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നേരത്തേ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. മണിപ്പൂർ കലാപത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും വലിയ ഭീഷണിയാകുമെന്നാണു വിലയിരുത്തൽ.
ഡ്രോൺ ബോംബിൽ നിന്നുള്ള ചീളുകൾ ഒരു പൊലീസുകാരന്റെ കാലിൽ തട്ടിയെന്നും സായുധ ഡ്രോണുകളെ കണ്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്കു 2.35ന് കാങ്‌പോക്‌പിയിലെ നാഖുജാങ് ഗ്രാമത്തിൽനിന്ന് ഇംഫാൽ വെസ്റ്റിലെ കഡാങ്‌ബാന്റിലേക്കാണ് ആക്രമണം തുടങ്ങിയത്. പ്രദേശത്തെ ഓരോ വീടിനുമേലും ഒരു ഡ്രോൺ വീതം ബോംബ് വർഷിച്ചെന്നു കഡാങ്‌ബാൻഡിലെ താമസക്കാർ പറഞ്ഞു. ആക്രമണത്തിന്റെയും ആളുകൾ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.