മലപ്പുറം : എഡിജിപി എം.ആർ.അജിത്കുമാറിനും പൊലീസിനും എതിരായ കടുത്ത ആരോപണങ്ങൾക്കു പിന്നാലെ തോക്കിനു ലൈസൻസ് തേടി പി.വി.അൻവർ എംഎൽഎ. മലപ്പുറം കലക്ടറുടെ ഓഫിസിലെത്തിയാണു തോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയത്. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ താൻ നടത്തിയ വെളിപ്പെടുത്തൽ അവർക്കിടയിൽ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നു അൻവർ അപേക്ഷയിൽ വ്യക്തമാക്കി.
പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്തോളാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. തുടർച്ചയായ രണ്ടാം ദിവസവും എം.ആർ.അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. കവടിയാർ കൊട്ടാരത്തിനടുത്ത് 12,000 ചതുരശ്ര അടിയിൽ അജിത്കുമാർ ആഡംബരവീട് പണിയുന്നു. എടവണ്ണ റിദാൻ കൊലപാതക കേസിൽ നിരപരാധിയെ കുടുക്കി. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിൽ അജിത്കുമാർ കണ്ണിയാണെന്നും അൻവർ പറഞ്ഞു.
സോളർ കേസ് അജിത്കുമാർ അട്ടിമറിച്ചെന്നു പറയുന്ന ശബ്ദരേഖയും പുറത്തുവിട്ടു. ഒന്നാം ഘട്ട വെളിപ്പെടുത്തൽ തൽക്കാലം നിർത്തുകയാണെന്നു പറഞ്ഞ അൻവർ, ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് പരാതിയും തെളിവും നേരിട്ടു നൽകുമെന്നും വ്യക്തമാക്കി. അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കുകയും ചെയ്തു.