Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളുകയും ചെയ്തു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായിട്ടാണ്.

അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നുമായിരുന്നു മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞത്. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചിരുന്നു. തുരങ്കം നിർമ്മിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്നായിരുന്നു ഇ ശ്രീധരൻ പറഞ്ഞത്. ഡാം നിർമ്മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും അ​​ദ്ദേഹം പറഞ്ഞിരുന്നു.

വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചർച്ചകൾ നടക്കുകയും ഡാം ഡികമ്മിഷൻ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments