തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഷനിലായ എസ്പി സുജിത്ത് ദാസിനെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഉത്തരവുണ്ട്. വി ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ ജില്ലാ പൊലിസ് മേധാവി.
ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സുജിത്ത് ദാസിനെതിരെ സസ്പെൻഷൻ ചെയ്തിരുന്നു. എസ്പി ക്യാംപ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി വി അൻവറിനെ ഫോണിൽ വിളിച്ചുസംസാരിക്കുന്നതിൻ്റെ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സേനയ്ക്ക് ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന പരാതി പിൻവലിക്കാനാണ് സുജിത് ദാസ് പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വർഷത്തെ സർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത് ദാസ് സംഭാഷണത്തിനിടെ പറഞ്ഞത്.