തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി നേരിട്ട് അന്വേഷിക്കും. ആരോപണങ്ങളിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. എസ്.പി സുജിത് ദാസിനെതിരെ സ്വീകരിച്ചത് സ്ഥലംമാറ്റ നടപടി മാത്രമാണ്.
അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുമെന്ന സൂചന തുടക്കം മുതലുണ്ടായിരുന്നെങ്കിലും അതുണ്ടാകാതെയാണ് അന്വേഷണ സംഘ രൂപീകരണം. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നത തല സംഘമാണ് അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുക. ഡിജിപിയെക്കൂടാതെ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ, ഇന്‍റലിജൻസ് എസ്.എസ്.ബി എസ്.പി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും.