തിരുവനന്തപുരം: മുഖ്യമന്ത്രിയും പി വി അന്‍വര്‍ എംഎല്‍എയും തമ്മില്‍ നടന്ന കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. എഡിജിപി അജിത് കുമാറിനോടുള്ള നീരസം അന്‍വറിനോട് പങ്കുവെച്ചതായാണ് വിവരം.മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി അന്‍വറിന് അനുവാദം നല്‍കി. അതേ സമയം നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തില്‍ സുതാര്യമായ അന്വേഷണം മുഖ്യമന്ത്രി ഉറപ്പ് നല്‍കി.കൂടിക്കാഴ്ചയില്‍ പൊലീസ് ഉദ്യോഗസ്ഥരേക്കാള്‍ അന്‍വര്‍ പരാതിപ്പെട്ടത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ചായിരുന്നു. പി ശശി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചു. പി ശശിക്കെതിരെ മുഖ്യമന്ത്രിയോട് നിരവധി പരാതികളാണ് അന്‍വര്‍ ഉന്നയിച്ചത്.
പി ശശി ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തുന്നുവെന്ന് അന്‍വര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പാര്‍ട്ടിക്കും ശശിയെ കുറിച്ച് പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രധാന കാര്യങ്ങള്‍ എഴുതികൊടുക്കുകയും ചെയ്തതായി പി വി അന്‍വര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്നെ ഉത്തരവാദിത്തം തീരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു.
അതിനിടെ ഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എന്നാല്‍, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെയാണ് ഇവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത് സര്‍ക്കാരിന്റെ ഇരട്ടതാപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്.