തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിക്കുകയാണ്. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലാണ്. മുറിക്കുള്ളില്‍ പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നതെന്നാണ് വിവരം. തീപടരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അര മണിക്കൂര്‍ കൊണ്ട് തീ കെടുത്തിയ ശേഷമാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന കാര്യത്തിലും വ്യക്തതയില്ല.
മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ്. മരിച്ച പെണ്‍കുട്ടിക്ക് ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു. മരിച്ച രണ്ടാമത്തെയാള്‍ പുറത്തുനിന്നും ഓഫീസിലെത്തിയതാണ്. തീപിടിത്തത്തിന് മുമ്പ് ഓഫീസില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമൂപത്തുണ്ടായിരുന്നയാള്‍ പ്രതികരിച്ചിരുന്നു.