പാലക്കാട്∙ പാർട്ടി നടപടി നേരിട്ട പി.കെ.ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്നു പാലക്കാട് ജില്ലാ നേതൃത്വം. സിഐടിയു ജില്ലാ അധ്യക്ഷ പദവിയിൽനിന്നു മാറ്റണമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിക്കും. വിവിധ ആരോപണങ്ങളെ തുടർന്നു പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനത്തു നിന്നും നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു നടപടിയുണ്ടായത്. ജില്ലാ നേതൃത്വത്തിന്റെ നടപടി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.
തന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ അറിയിക്കുമെന്നു പി.കെ.ശശി മാധ്യമങ്ങളോട് പറഞ്ഞു. കെടിഡിസി ചെയർമാൻ സ്ഥാനം ഉത്തരവാദിത്തപ്പെട്ട കേന്ദ്രം തീരുമാനിച്ചു നൽകിയതാണ്. അവർ തിരുത്താത്തിടത്തോളം കാലം ഈ സ്ഥാനത്തിരിക്കാമെന്നും പി.കെ.ശശി പറഞ്ഞു. മണ്ണാർക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഒാഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണു ശശിക്കെതിരെ നടപടിയുണ്ടായത്.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണു ശശിക്കെതിരായ പ്രധാന ആരോപണം. ഇതു സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽനിന്നു പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ കോളജിനു വേണ്ടി ഷെയറുകൾ സമാഹരിച്ചു, വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളിൽ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സിപിഎം കമ്മിഷനെ നിയോഗിച്ചിരുന്നു. 2019ൽ എം.ബി.രാജേഷ് പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ശശിക്കെതിരെ ഉയർന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുൻപു സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയർമാൻ സ്ഥാനം നൽകിയത്.