കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്ന് നിവിൻ പോളി പറഞ്ഞു. അവരുമായി സംസാരിച്ചിട്ടില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്.
നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണ്.
ഒന്നര മാസം മുമ്പ് ഇങ്ങനെ ഒരു പരാതി ലഭിച്ചകാര്യം പൊലീസ് അറിയിച്ചിരുന്നു. അന്ന് പൊലീസിനെ കാര്യങ്ങൾ അറിയിച്ചതാണ്. ഇതിനെതിരെ പരാതി കൊടുക്കട്ടെയെന്ന് അന്ന് പൊലീസിനോട് ചോദിച്ചിരുന്നു. എന്നാൽ, അത് വേണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. പ്രശസ്തിക്ക് വേണ്ടി പെൺകുട്ടി പരാതി നൽകിയതാകാം എന്നാണ് അവർ പറഞ്ഞതെന്നും നിവിൻ പോളി വ്യക്തമാക്കി.
ഏത് ശാസ്ത്രീയ അന്വേഷണവുമായും സഹകരിക്കാൻ തയാറാണ്. നാളെ ഈ വാർത്ത സത്യമല്ലെന്ന് തെളിഞ്ഞാൽ അന്നും മാധ്യമങ്ങൾ ഇതേ രീതിയിൽ കൂടെ നിൽക്കണം. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകാമെന്നാണ് വിശ്വസിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെട്ട നിർമാതാവിനെ അറിയാം. സിനിമയുമായി ബന്ധപ്പെട്ട് അയാളുമായി സാമ്പത്തിക ഇടപാടുണ്ട്. ഇയാളെ ദുബായ് മാളിൽ വെച്ച് കണ്ടിട്ടുണ്ടെന്നും നിവിൻ പോളി പറഞ്ഞു.