തിരുവനന്തപുരം: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ താൻ ഉന്നയിച്ച് വിഷയങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് പി.വി. അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
പാർട്ടി സെക്രട്ടറിയെ കണ്ടു. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാർട്ടിയും മുഖ്യമന്ത്രിയുമാണുള്ളത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അജിത് കുമാറിനെതിരെ നടപടിയെടുക്കേണ്ട സമയത്തേക്ക് എത്തുന്നേയുള്ളൂ.
പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. പാർട്ടി നേതാക്കൾ ഇതൊന്നും അന്വേഷിച്ചിട്ടുണ്ടാകില്ല. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവം ആണിത്. അത് തുടങ്ങിയിട്ടേയുള്ളൂ. അതിനുമുന്നിൽ താനും ഉണ്ടാകും. പി.വി. അൻവർ ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂ എന്നും അദ്ദേഹം പറഞ്ഞു.