ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ സെന്‍സെക്സ് 700 പോയിന്‍റ് താഴ്ന്നു. നിഫ്റ്റി 25,100 ന് താഴേക്ക് ഇടിഞ്ഞു. വിപണിയിലെ ഇടിവ് കാരണം നിക്ഷേപകര്‍ക്ക് 3 ലക്ഷം കോടി രൂപയോളമാണ് നഷ്ടമായത്. പതിനാല് ദിവസം തുടര്‍ച്ചയായി നീണ്ടു നിന്ന റാലിക്ക് ശേഷമാണ് വിപണികളില്‍ ഇടിവ് രേഖപ്പെടുത്തിയത്. യുഎസ് വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കും തിരിച്ചടിയായത്. ഐടി, മെറ്റല്‍ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. ഓട്ടോ, ബാങ്ക്, പൊതു മേഖലാ ബാങ്ക് ഓഹരികള്‍ എന്നിവയിലും ഇടിവുണ്ടായി. മിഡ് ക്യാപ് ഓഹരികളിലാണ് തകര്‍ച്ച ഏറ്റവും കൂടുതലായി ദൃശ്യമായത്. സ്മോള്‍ ക്യാപ് ഓഹരികളില്‍ 0.5 ശതമാനം ഇടിവുണ്ടായി.
ടെക്നോളജി ഓഹരികളിലുണ്ടായ തകര്‍ച്ചയും , മോശം സാമ്പത്തിക സൂചകങ്ങളും കാരണം യുഎസ് വിപണിയില്‍ ഇന്നലെ കനത്ത ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ യുഎസ് വിപണികളിലുണ്ടായത്. ഡൗ ജോണ്‍സ് 600 പോയിന്‍റാണ് താഴ്ന്നത്. ടെക് കമ്പനികള്‍, ചിപ്പ് നിര്‍മാതാക്കള്‍ എന്നിവയുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ ഓഹരികള്‍ മാത്രം 9.5 ശതമാനം നഷ്ടം നേരിട്ടു. യുഎസ് നീതിന്യായ വകുപ്പ് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതാണ് എന്‍വിഡിയയുടെ ഓഹരികള്‍ക്ക് തിരിച്ചടിയായത്. അമേരിക്കന്‍ ഉല്‍പാദന മേഖലയുടെ വളര്‍ച്ച കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചു.ഇന്ത്യയുടെ ഓഹരി വിപണികള്‍ക്ക് പുറമേ ഏഷ്യന്‍ വിപണികളാകെ ഇന്ന് നഷ്ടത്തിലാണ്. ജാപ്പനീസ് സൂചികയായ നിക്കി നാല് ശതമാനത്തോളം താഴ്ന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 2.61 ശതമാനവും കോസ്ഡാക്ക് 2.94 ശതമാനവും ഇടിഞ്ഞു.