കോഴിക്കോട്: മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ഒരു ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്ന് ഡിവൈഎസ്പി വി.വി ബെന്നി. ആരോപണം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.വി ബെന്നി പറഞ്ഞു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം. ഇതിനെതിരെ പ്രതികരണവുമായാണ് ബിന്നി രംഗത്തെത്തിയത്.
‘കരുതിക്കൂട്ടി ചെയ്ത പണിതന്നെയാണിത്. മുട്ടിൽമരം മുറിക്കേസിൽ ഞാൻ അന്വേഷണം നടത്തുന്നുവെന്നതാണ് ഇപ്പോഴത്തെ വാർത്തക്ക് പിന്നിലെ കാരണം. തീർച്ചയായും ഇതിനെതിരെ പരാതി നൽകുകയും നിയമനടപടിയുമായി മുന്നോട്ട് പോകുകയും ചെയ്യും. ഒരു മാധ്യമം നോക്കിയാൽ എന്തും പറയാമെന്നുള്ളത് മാധ്യമരംഗത്തെക്കൂടി മോശമാക്കുന്ന പരിപാടിയാണ്. ഒന്നുമില്ലാത്ത സംഗതിയെ ആടിനെ പട്ടിയാക്കുന്നതിനേക്കാൾ മോശമായ പരിപാടിയാണിതെന്നും ബെന്നി പറഞ്ഞു.