താനൂർ: പൊന്നാനിയിൽ വീട്ടമ്മ പൊലീസുകാർക്ക് എതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തിൽ താനൂർ ഡിവൈഎസ്പി വി.വി ബെന്നി പരാതി നൽകി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഇന്നലെ ആരോപണം ചാനലിലൂടെ പുറത്തുവന്നതിന് പിന്നാലെ വി.വി ബെന്നി മാധ്യമങ്ങളെ കണ്ടിരുന്നു. മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ഒരു ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്നായിരുന്നു ഡിവൈഎസ്പി വി.വി ബെന്നി പ്രതികരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.വി ബെന്നി പറഞ്ഞിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം