ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.
കെജ്‍രിവാളിനെ ഇനിയും കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇഡി കസ്റ്റഡിയെ കെജ്‌രിവാളും എതിർത്തില്ല.എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്‍രിവാള്‍ നേരിട്ട് കോടതിയിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി അദ്ദേഹത്തെ തടഞ്ഞു. കെജ്‍രിവാള്‍ ഷോ കാണിക്കുകയാണെന്ന് ഇഡി ആരോപിച്ചു. മുഖ്യമന്ത്രി ആയതിനാല്‍ അല്ല അഴിമതി നടത്തിയതിനാലാണ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
കെജ്‌രിവാള്‍ ഗ്യാലറിക്ക് വേണ്ടി കളിക്കുന്നു എന്നാണ് ഇഡി ആരോപിച്ചത്. സാക്ഷികളുടെ മൊഴികള്‍ സമ്മര്‍ദത്തെ തുടര്‍ന്നാണോ എന്ന് തെളിയേണ്ടത് വിചാരണയിലാണ്. ഇലക്ട്രല്‍ ബോണ്ട് സംഭാവനയ്ക്ക് ഈ കേസുമായി ബന്ധമില്ല. ആം ആദ്മി പാര്‍ട്ടിക്ക് അഴിമതിപ്പണം ലഭിച്ചു, അത് ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചുവെന്നും ഇ ഡി വാദിച്ചു.