ഡല്‍ഹി: ഹരിയാനയിൽ ഇൻഡ്യ സഖ്യത്തിന് ഉണർവേകി ആം ആദ്മി കോൺഗ്രസ് സഖ്യചർച്ചയിൽ പുരോഗതി. നിലവിൽ ഏതാനും സീറ്റുകളിൽ ഇരുവരും ഒരുമിച്ച് മത്സരിക്കാൻ ഇരുപാർട്ടികളും തമ്മിൽ തീരുമാനമായി.
സഖ്യചർച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ, നിലവിൽ അഞ്ചു സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കാൻ ആംആദ്മി പാർട്ടി തയ്യാറായേക്കുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു ഇരുപാർട്ടികളുടെയും മുൻ നിലപാട്. എന്നാൽ കശ്മീരിൽ നാഷണൽ കോൺഫറൻസുമായി സഖ്യം പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ഹരിയാനയിലും സഖ്യചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. പിന്നീട് ചർച്ചകൾ ആരംഭിച്ചപ്പോഴും പല കാരണങ്ങളാൽ സമവായത്തിനെത്താനായിരുന്നില്ല. ഈ പ്രതിസന്ധിക്കാണ് ഒടുവിൽ ഒരു പരിഹാരമാകുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ പ്രതിസന്ധിയിലാക്കി, പ്രധാനപ്പെട്ട നേതാവും ഹരിയാന മുന്‍ മന്ത്രിയുമായ ബച്ചന്‍ സിങ് ആര്യ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബച്ചന്‍ സിങിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ് രാജിവെക്കാനുള്ള കാരണം.
സഫിഡോണില്‍ നിന്നുള്ള നേതാവാണ് ബച്ചന്‍ സിങ്. ഇത്തവണ സഫിഡോണ്‍ സീറ്റില്‍ രാംകുമാര്‍ ഗൗതമിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് രാജിവെച്ചതിന് ശേഷം ബിജെപിയുടെ പ്രവര്‍ത്തനശൈലിയെയും ബച്ചന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചു.
ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ബിജെപി ബന്ധം അവസാനിപ്പിച്ചതെന്നും ബച്ചന്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിലെ ജനങ്ങളെ ബിജെപി അവഗണിച്ചു. പൊതുജനങ്ങളുടെ ടിക്കറ്റിലാണ് താന്‍ മത്സരിക്കുന്നത്. ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതിനാല്‍ അവര്‍ പറയുന്നത് അനുസരിക്കുന്നുവെന്നും ബച്ചന്‍ സിങ് പറഞ്ഞു.