കണ്ണൂർ: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പി.വി. അൻവർ എം.എൽ.എയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും സ്വതന്ത്രമാണെന്നും ഏത് വിഷയത്തേയും അതിന്റെ ഗൗരവബുദ്ധിയോടെയാണ് സി.പി.എമ്മും സർക്കാരും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.ഐ. ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ്. അവർ അവരുടെ അഭിപ്രായം പറയുകയാണ്. സി.പി.എമ്മിനെതിരായിട്ട് കളവുകൾ സൃഷ്ടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.’എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് സർക്കാർ പരിശോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്. അദ്ദേഹം നല്ലനിലയിലാണ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ വളരെ കൃത്യതയോടെ പരിശോധിച്ച് വേണ്ട നടപടിയെടുക്കാനുള്ള പ്രാപ്തി മുഖ്യമന്ത്രിക്കുണ്ട്’- അദ്ദേഹം പറഞ്ഞു.അമ്മയെ തല്ലിയത് ശരിയാണോ എന്ന് ചോദിക്കുന്ന തരത്തിലുള്ള പരിപാടിക്ക് നിൽക്കരുതെന്നും സർക്കാർ ഈ പ്രശ്നത്തെ വേണ്ട വിധത്തിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഏതെങ്കിലും തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.