കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതിയാണ് രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.2012ൽ സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോൾ ബംഗളൂരുവിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് പരാതി നൽകിയത്.
2012ൽ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട്ടെ ലൊക്കേഷനിൽ വെച്ചാണ് യുവാവ് രഞ്ജിത്തിനെ ആദ്യമായി കാണുന്നത്. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്തിനെ കാണാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. പരിചയപ്പെട്ട ശേഷം ടിഷ്യു പേപ്പറിൽ അദ്ദേഹത്തിന്‍റെ നമ്പർ കുറിച്ചുനൽകി. അതിൽ മെസേജ് അയച്ചാൽ മാത്രം മതിയെന്നായിരുന്നു നിർദേശം.രണ്ട് ദിവസത്തിനു ശേഷം ബംഗളൂരുവിലെ താജ് ഹോട്ടലിൽ രഞ്ജിത് നിർദേശിച്ച പ്രകാരം എത്തി. മദ്യപിച്ച നിലയിലാണ് അദ്ദേഹത്തെ മുറിയിൽ കണ്ടത്. അൽപനേരം സംസാരിച്ച ശേഷം നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരാതിയിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
ബംഗാളി നടിയുടെ ആരോപണത്തിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന ആരോപണം ഉയരുന്നത്. ഗുരുതര ആരോപണത്തെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.