റിയാദ് : ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ–ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ ഏറ്റവും വലിയ ആശങ്ക ഗാസയിലെ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു. നിഷ്കളങ്കരായ സാധാരണക്കാർ മരിച്ചുവീഴുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് അതിയായ ദുഃഖമുണ്ട്. മാനവിക തത്വങ്ങളെ കണക്കിലെടുത്തുവേണം എല്ലാ പ്രതികരണങ്ങളും. വളരെ വേഗം ഗാസയിൽ വെടിനിർത്തലുണ്ടാകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.