ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ ചര്‍ച്ചയില്‍ ആഞ്ഞടിക്കാന്‍ സിപിഐ. നാളെ എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തീരുമാനം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കാന്‍ സിപിഐ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഊഴം വച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്തിനെന്ന് അറിയാന്‍ അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും അതിന്റെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്നുമുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രതികരണങ്ങളെ ബിനോയ് വിശ്വം പൂര്‍ണമായി തള്ളി. ഗാന്ധി വധത്തിനുശേഷം നിരോധനം നേരിട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍ എന്ത് പ്രാധാന്യമാണ് അവര്‍ക്കുള്ളതെന്ന ചോദ്യമുണ്ടാകും. ഷംസീറിനെപ്പോലൊരാള്‍ ഈ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. സ്പീക്കര്‍ കൂടിക്കാഴ്ചയെ ന്യായീകരിക്കരുതായിരുന്നെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വസ്തുതകള്‍ വെളിച്ചത്തുവരണം. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്.
തൃശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അന്വേഷിക്കണമെന്നും മുന്‍പുതന്നെ ആവശ്യമുന്നയിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പുരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെ ആയിരുന്നു. തൃശൂര്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കും ഇതില്‍ നിന്ന് ഗുണമുണ്ടായതായി സംശയിക്കുന്നതായി സിപിഐ പറഞ്ഞു.