ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതില്‍ എതിർപ്പറിയിച്ച് അഭിഭാഷകർ. പ്രധാനമന്ത്രിയെ വസതിയിൽ സന്ദർശിക്കാൻ അനുവദിച്ചത് തെറ്റായ സന്ദേശമെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.
ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിൽ വിശ്വാസം നഷ്ടമായെന്നും, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രതികരിക്കണമെന്നും ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളില്‍ പങ്കെടുത്തത്.
അതേസമയം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി ഗണേശ ചതുർഥി ആശംസ നേർന്നു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാവട്ടെയെന്ന് മോദി ആശംസിച്ചു. ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ പൂജയിൽ പങ്കെടുത്ത ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.