കൊച്ചി: താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. പുതിയ ട്രേഡ് യൂനിയൻ രൂപീകരിക്കാൻ അമ്മയിലെ 20 ഓളം താരങ്ങൾ ഫെഫ്കയെ സമീപിച്ചു. ഇക്കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിക്കുകയും ചെയ്തു.അമ്മയുടെ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ ഒരു സംഘടന രൂപീകരിച്ച് ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്യാനാണ് ആലോചിക്കുന്നത്. നിലവിൽ 21 യൂനിയനുകളാണ് ഫെഫ്കയിലുള്ളത്. പുതിയ യൂനിയനെ കൂടി ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകരിക്കണം. ഇതുസംബന്ധിച്ച് താരങ്ങൾ ചർച്ച നടത്തിയെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അമ്മയിൽ 500ലേറെ അംഗങ്ങളാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അമ്മയുടെ ഭരണ സമിതി ഒന്നടങ്കം പിരിച്ചുവിട്ടതിനെതിരെയും താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.അമ്മ ഒരു ട്രേഡ് യൂനിയൻ അല്ല. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാഷ്ട്രീയ പാർട്ടികളെ പോലെ പെരുമാറാൻ കഴിയില്ലെന്നും അമ്മ നേതൃത്വം വ്യക്തമാക്കിയതാണ്. എന്നാൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അമ്മ കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് അംഗങ്ങൾ പലപ്പോഴും അഭിപ്രായമുന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ‘അമ്മ’യില്‍ ട്രേഡ് യൂണിയന്‍ സാധ്യമാകാത്ത സ്വപ്നമെന്നും എക്സിക്യുട്ടീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി ആരെയും സമീപിച്ചിട്ടില്ല അംഗങ്ങള്‍ ആരെങ്കിലും അങ്ങനെ ചെയ്തോ എന്നറിയില്ലെന്നും ജോയ് മാത്യുവും പ്രതികരിച്ചു.