കോഴിക്കോട് : ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്.
2022 ജൂൺ 13നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു.