ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ സഞ്ചികൾക്കും ഈവർഷം ജൂൺ മുതൽ ദുബൈയിൽ വിലക്ക് ഏർപ്പെടുത്തും. പുനരുപയോഗ സാധ്യതയുള്ള സഞ്ചികൾ മാത്രമാണ് വാണിജ്യ സ്ഥാപനങ്ങളിൽ അനുവദിക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പേപ്പർ സഞ്ചികൾക്കും വിലക്ക് ബാധകമാണ്. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ കടകളിൽ സഞ്ചികൾക്ക് 25 ഫിൽസ് വീതം ഈടാക്കുന്നുണ്ട്.
ജൂൺ ഒന്ന് മുതൽ ബയോഡീഗ്രേഡബിൽ ബാഗുകൾക്കും വിലക്കുണ്ടാകും. ഇത്തരം ബാഗുകൾക്ക് പ്രത്യേക റീസൈക്കിളിങ് ആവശ്യമാണെന്നും മണ്ണിൽ ഉപേക്ഷിച്ചാൽ പ്ലാസ്റ്റിക് തരികൾ അവശേഷിക്കുമെന്നും ദുബൈ മുനിസിപ്പാലിറ്റി വിശദീകരിച്ചു. വിലക്ക് നിലവിൽ വന്നാൽ ബദൽ സഞ്ചികൾ നൽകൽ വാണിജ്യ സ്ഥാപനങ്ങളുടെ ബാധ്യതയായിരിക്കില്ല. ബ്രഡ്, പച്ചക്കറി, ഇറച്ചി, മത്സ്യം, ധാന്യം എന്നിവ പൊതിയാനും, മാലിന്യങ്ങൾ ശേഖരിക്കാനും കൊണ്ടുപോകാനും മാത്രമായിരിക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾ അനുവദിക്കുക. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 200 ദിർഹം മുതൽ 2000 ദിർഹം വരെ പിഴ ലഭിക്കുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.