കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഇതിനിടെ രണ്ടാംപ്രതി അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു.
മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസിനെ നിയോഗിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.
കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്തും. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേരെ കണ്ടിരുന്നു. എന്നാൽ അന്വേഷണം മൂന്നു പേരിൽ ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്.കഴിഞ്ഞ വർഷം നവംബർ 27നാണ് ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ പുളിയറിയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (53), ഭാര്യ എം ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെ പിടികൂടിയത്.