ആഗ്ര; പതിനൊന്നുകാരിയായ രോഗിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ആഗ്ര സരോജിനി നായിഡു മെഡിക്കൽ കോളേജിലെ യുവ ഡോക്ടറായ ദിൽഷാദ് ഹുസൈൻ ആണ് പിടിയിലായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവ ഡോക്ടറെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ശാരീരിക അസ്വസ്ഥതകൾ മൂലം പെൺകുട്ടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരുന്നു, പെൺകുട്ടിക്ക് പതിനൊന്ന് വയസായിരുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കേസന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത പനി മൂലം ആറാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബർ ഏഴിന് കൂടുതൽ പരിശോധനയ്ക്കായി കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി പരിശോധനയ്ക്കെന്ന വ്യാജേന യുവ ഡോക്ടർ കുട്ടിയെ ചേംബറിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. അവിടെനിന്നും രക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 64(2), 65(2) വകുപ്പുകളും പോക്സോ നിയമ പ്രകാരവുമാണ് എം എം ഗേറ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.