വാഷിങ്ടൺ: യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസുമായി ഇനി തെരഞ്ഞെടുപ്പ് സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി ഫിലാഡൽഫിയയിൽ എ.ബി.സി ന്യൂസ് സംഘടിപ്പിച്ച സംവാദത്തിൽ താൻ വിജയിച്ചെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടു.ഫോക്‌സ് ന്യൂസ്, എൻ.ബി.സി ന്യൂസ്, സി.ബി.എസ് ന്യൂസ് എന്നിവയിൽ നിന്നുള്ള സംവാദ ക്ഷണം സ്വീകരിക്കാൻ കമല ഹാരിസ് വിസമ്മതിച്ചുവെന്നും ട്രംപ് ആരോപിച്ചു. മറ്റൊരു സംവാദം കൂടെ വേണമെന്ന കമലയുടെ ആവശ്യം ആദ്യ സംവാദത്തിൽ തോറ്റതിന്റെ ക്ഷീണം മറികടക്കാനാണെന്ന് അദ്ദേഹം പരിഹസിച്ചു.
വ്യാഴാഴ്ച എക്‌സിലെ പോസ്റ്റിൽ ഒരു സംവാദം കൂടി വേണമെന്ന് കമല ഹാരിസ് ആവശ്യപ്പെട്ടിരുന്നു. കമല ഹാരിസ് ഫിലാഡൽഫിയയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് 63 ശതമാനം പേർ സമ്മതിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഫോക്സ് ന്യൂസ് റിപ്പോർട്ടനുസരിച്ച്, ഒരു പാനലിലെ 12 വോട്ടർമാർ സംവാദത്തിൽ ഹാരിസ് വിജയിച്ചുവെന്നും അഞ്ചു പേർ ട്രംപ് വിജയിച്ചുവെന്നും വിശ്വസിക്കുന്നു.