ദോഹ: സൗദി അറേബ്യയിലേക്ക് കൂടുതൽ സർവീസുമായി ഖത്തർ എയർവേയ്‌സ്. അബഹയിലേക്കുള്ള സർവീസ് പുനരാരംഭിക്കുകയും നിയോമിലേക്കുള്ള സർവീസുകൾ കൂട്ടുകയും ചെയ്യും. സൗദിയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് അബഹ, ഈ സാധ്യത കണക്കിലെടുത്താണ് ഇവിടേക്കുള്ള സർവീസ് പുനരാരംഭിക്കുന്നത്. പ്രതിവാരം രണ്ടു സർവീസാണ് നടത്തുക.
അടുത്ത വർഷം ജനുവരി രണ്ടുമുതൽ സർവീസ് തുടങ്ങും. രാജ്യത്ത് ഖത്തർ എയർവേയ്‌സിന്റെ 11-ാമത് ഡെസ്റ്റിനേഷൻ ആണിത്. സൗദിയുടെ പുതിയ മുഖമായി മാറിക്കൊണ്ടിരിക്കുന്ന നിയോമിലേക്കുള്ള സർവീസ് ഇരട്ടിയായി വർദ്ധിച്ചു. തണുപ്പ് കാലം വരുന്നതോടെ നിയോമിലേക്കുള്ള പ്രതിവാര സർവീസ് നാലാകും.
നിലവിൽ സൗദിയിലേക്ക് ആഴ്ചയിൽ 140 സർവീസുകളാണ് ഖത്തർ എയർവേയ്‌സ് നടത്തുന്നത്. ഏറ്റവും മികച്ച വിമാനക്കമ്പനിക്കുള്ള നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഖത്തർ എയർവേയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 170 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.