തിരുവനന്തപുരം : ആർഎസ്എസ് നേതൃത്വവുമായി എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ മൊഴിയെടുപ്പിൽ ഇതു സംബന്ധിച്ച ചോദ്യങ്ങളുണ്ടായില്ല. പി.വി.അൻവർ എംഎൽഎ മുഖ്യമന്ത്രിക്കു രേഖാമൂലം നൽകിയ പരാതിയിൽ അജിത്കുമാറിനെതിരെ ആർഎസ്എസ് ബന്ധം പരാമർശിക്കാത്തതാണു കാരണം.
ചോദ്യംചെയ്യലിനു പകരം അജിത്കുമാറിനു പറയാനുള്ള കാര്യങ്ങളാണു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് കേട്ടത്. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അജിത്കുമാർ രേഖാമൂലം മുൻപ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, പരാതിക്കാരനെന്ന നിലയിലാണ് അദ്ദേഹത്തെ കേട്ടത്. വിശദമായ ചോദ്യാവലിയുമായി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അജിത്കുമാറിനെ വീണ്ടും കാണുമെന്നാണു വിവരം. ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ അപ്പോൾ വ്യക്തത തേടും. എല്ലാ ചോദ്യങ്ങൾക്കും രേഖാമൂലം തന്നെ മറുപടി നൽകാമെന്നാണ് അജിത്കുമാറിന്റെ നിലപാട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തയാറാണെന്നും ഉടൻ കൈമാറാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ആർഎസ്എസ് ബന്ധം, തൃശൂർ പൂരം കലക്കൽ, സ്വർണക്കടത്തു സംഘങ്ങളുമായുള്ള ബന്ധം എന്നിവയടക്കം അജിത്കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയമാണു ഡിജിപിക്കു സർക്കാർ നൽകിയിരിക്കുന്നത്. രാഷ്ട്രീയവിവാദമായി കത്തിപ്പടർന്ന സാഹചര്യത്തിൽ ആർഎസ്എസ് കൂടിക്കാഴ്ചയിലുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപി നേരത്തേ കൈമാറിയേക്കും.