ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്ന് രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ വെടിയേറ്റ് മരിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് സംയുക്തമായ ഓപ്പറേഷൻ ആരംഭിച്ചത്.
ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ കഴിഞ്ഞദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കഠുവയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്.
അതേസമയം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാശ്മീരിലെത്തും. കാശ്മീരിലെ ദോഡ ജില്ലയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയും നടക്കും. തിരഞ്ഞെടുപ്പ് റാലിയുടെ സമാധാനപരവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ വൻ സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. ദോഡ, കിഷ്ത്വാർ എന്നീ മേഖലകളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുക എന്നാണ് വിവരം. കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ ജില്ലയിൽ സന്ദർശനം നടത്തുന്നത്.