ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും. രാജി അംഗീകരിച്ച് ഒരാഴ്ച്ചക്കുള്ളിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജ്രിവാൾ ആവശ്യപ്പെട്ടതു പോലെ ദില്ലിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും എന്ന അരവിന്ദ് കെജ്രിവാളിന്റെ ഈ പ്രഖ്യാപനത്തിനു ശേഷം ദില്ലി രാഷ്ട്രീയം ചൂടു പിടിക്കുകയാണ്. ആരാകും അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമി എന്നതിൽ ആലോചന തുടങ്ങി. മന്ത്രിമാരായ അതിഷി, ഗോപാൽ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്രിവാൾ ജയിലിലായപ്പോൾ സർക്കാരിന്റെ പ്രധാനചുമതലകൾ വഹിച്ചത് അതിഷിയാണ്.
അതേസമയം മുതിർന്ന നേതാവ് എന്ന നിലയിൽ ഗോപാൽ റായിക്കും പാർട്ടിയിൽ സ്വീകാര്യതയുണ്ട്. എന്നാൽ സുനിത കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കണമെന്ന നിലപാടിലാണ് പല എംഎൽഎമാരും. ഹമുമാൻ ഭക്തനായ കെജ്രിവാൾ രാജി നല്കാൻ ചൊവ്വാഴ്ച ദിവസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രാജിയുടെ കാര്യത്തിൽ കേന്ദ്രം എന്തു നിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല. ഇത് നിരീക്ഷിച്ച ശേഷമാകും അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിയമസഭാ കക്ഷിയോഗം ചേരുക.
തെരഞ്ഞെടുപ്പ് പ്രചാരണം തന്റെ സത്യസന്ധത എന്ന ഒറ്റ വിഷയത്തിൽ ഒതുക്കാനാണ് കെജ്രിവാളിന്റെ നീക്കമെന്ന് ബിജെപി കരുതുന്നു. തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാൻ കൂടിയാണ് നേതൃമാറ്റം എന്ന തന്ത്രം കെജ്രിവാൾ പരീക്ഷിക്കുന്നത്. നവംബറിൽ മഹാരാഷ്ട്രയുടെ ഒപ്പം തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദ്ദേശമാണ് കെജ്രിവാൾ മുന്നോട്ടു വച്ചത്. ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15 വരെ ഉണ്ടെന്നും മത്സരത്തിനുള്ള ഒരുക്കത്തിന് സമയം വേണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കെജ്രിവാളിന്റെ രാജിക്കു ശേഷമുള്ള കേന്ദ്ര നീക്കം എന്തായാലും നിർണ്ണായകമാകും.