പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച. സർജറി കഴിഞ്ഞ രോഗികളെ വരെ ചുമന്ന് താഴേക്ക് ഇറക്കേണ്ട അവസ്ഥയാണ് ആശുപത്രിയിലുള്ളത്. ലിഫ്റ്റ് തകരാറിലായതിനാൽ താഴേക്കും മുകളിലേക്കും രോഗികളെ ചുമന്ന് കൊണ്ടുപോകുന്നത് ആശുപത്രി ജീവനക്കാർ തന്നെയാണ്.
മൂന്ന് നിലകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ലിഫ്റ്റ് തകരാറിലായതായി പലതവണ പരാതി പറഞ്ഞിട്ടുള്ളതാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രി കൂടിയാണിത്.
സർജറിക്കും സർജറിക്ക് മുൻപുള്ള പരിശോധനകൾക്കുമായി പലതവണ രോഗികളെ ജീവനക്കാർക്ക് ചുമന്നിറക്കേണ്ട സ്ഥിതിയാണ്. നട്ടെല്ലിനും മറ്റും ശസ്ത്രക്രിയ കഴിഞ്ഞവരെ ഇത്തരത്തിൽ ചുമന്ന് താഴേക്കിറക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രായമായവരും കുട്ടികളും അമ്മമാരും ഉൾപ്പെയുള്ള രോഗികളാണ് ലിഫ്റ്റിന്റ പ്രവർത്തനം തകരാറിലായതുമൂലം വലയുന്നത്.