ബെയ്റൂത്ത്: ലബനാനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. ഒരു പെൺകുട്ടിയടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പൊട്ടിത്തെറിച്ചത്. വാർത്താ സമ്മേളനത്തിൽ ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അൽ അബ്‌യാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ലെബനാൻ ആരോപിച്ചു. പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന.
പ്രാദേശിക സമയം 3.30ഓടെ ലെബനാനിലുടനീളം വലിയ പൊട്ടിത്തെറികൾ ഉണ്ടാവുകയായിരുന്നു. എല്ലാ അതിർത്തികളിലും ഒരേസമയത്തായിരുന്നു പൊട്ടിത്തെറി. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കൾക്കും ലെബനാനിലെ ഇറാൻ അംബാസഡർ അടക്കമുള്ളവർക്കും പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ.
ബേക്കാ താഴ്‌വരയിൽ നിന്നുള്ള എട്ട് വയസുകാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പരിക്കേറ്റവരിൽ 200ലധികം പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളമുള്ള 100ലേറെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രികൾ പലതും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സ്ഥലമില്ലാത്തതിനാൽ മറ്റിടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് നിഗമനം. പേജറുകൾ മൊസാദിന്റെ തന്നെ തന്ത്രം ഉപയോഗിച്ച് ഇസ്രായേലിൽനിന്ന് തന്നെ കൈമാറിയതാവാം എന്നും ഹിസ്ബുല്ല കരുതുന്നു. പച്ചക്കറി കടകളിലും സൂപ്പർമാർക്കറ്റുകളടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.