ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണ് പേജർ കൂട്ടസ്ഫോടനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയ്‌ക്ക് കനത്ത പ്രഹരം നൽകാൻ അയ്യായിരത്തോളം തായ്വാൻ നിർമിത പേജറുകളിൽ മൊസാദ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചുവെന്നാണ് ആരോപണം. ലെബനനിൽ കൂട്ടപൊട്ടിത്തെറി നടന്ന സംഭവത്തിന് അഞ്ച് മാസം മുൻപ് മൊസാദ് ഇത് നടപ്പിലാക്കിയെന്നും ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്ള തങ്ങളുടെ അംഗങ്ങൾക്കിടയിൽ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന വയർലെസ് വസ്തുവാണ് പേജറുകൾ. ചൊവ്വാഴ്ച വൈകിട്ടോടെ ലെബനനിലെ ബെയ്റൂത്തിലും സിറിയയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ഹിസ്ബുള്ള പ്രവർത്തകരുടെ പോക്കറ്റിലിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു. സിറിയയിൽ മാത്രം നൂറ് സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.
പേജറുകളിലേക്ക് ഒരു കോഡ് സന്ദേശം എത്തുകയും ഇതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു എന്നാണ് ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. കോഡ് സന്ദേശത്തിലൂടെ പേജറിലെ സ്ഫോടകവസ്തു ആക്ടീവായതായിരിക്കാമെന്നാണ് കരുതുന്നത്.
തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്ന് 5,000 പേജറുകളായിരുന്നു ഹിസ്ബുള്ള വാങ്ങിയത്. കഴിഞ്ഞ ഏപ്രിൽ-മെയ് കാലയളവിൽ ഇവ ലെബനനിലേക്ക് കടത്തുകയും ചെയ്തു. ഇതിനിടെ എപ്പോഴാണ് മൊസാദ് ഇതിലേക്ക് കൈകടത്തിയതെന്നാണ് ഹിസ്ബുള്ള തേടുന്നത്. വിദഗ്ധമായി ആസൂത്രണം ചെയ്ത പദ്ധതിയുടെ പിൻബലത്തിലാകാം ഇസ്രായേൽ ഓപ്പറേഷൻ നടത്തിയതെന്നാണ് അഭ്യൂഹം.
ഓരോ പേജറുകളിലും 20 ഗ്രാമിൽ താഴെ മാത്രമേ സ്ഫോടകവസ്തു ഉണ്ടായിരുന്നുള്ളൂ. അഞ്ച് മാസം മുൻപ് ഇറക്കുമതി ചെയ്ത പേജറുകളിൽ അത് എങ്ങനെ സ്ഥാപിച്ചുവെന്നാണ് ഹിസ്ബുള്ള അന്വേഷിക്കുന്നത്. പിന്നിൽ മൊസാദ് തന്നെയാണ് ഉറച്ചുവിശ്വസിക്കുകയാണ് ലെബനനും ഇറാനും. സംഭവത്തിൽ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്താൻ ഇസ്രായേൽ തയ്യാറായിട്ടില്ല.