കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസിൽ നേതാക്കൾ അനവധിയുണ്ടെങ്കിലും കൂട്ടായ പ്രവർത്തനമില്ല. പാർട്ടിയുടെ 56,000 വോട്ട് ബിജെപിയിലേക്ക് പോയത് നമ്മുടെ വിദ്വാൻമാർ അറിഞ്ഞില്ല. ജയിക്കുമെന്ന് പറഞ്ഞായിരുന്നു തന്നെ അങ്ങോട്ടേക്ക് അയച്ചതെന്നും കെ. മുരളീധരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിനിടെയായിരുന്നു പാർട്ടി നേതൃത്വത്തിനെതിരെ മുരളീധരൻ തുറന്നടിച്ചത്.
നട്ടും ബോൾട്ടും സ്റ്റിയറിംഗും ഒന്നുമില്ലാത്ത വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ട അവസ്ഥയായിരുന്നു തൃശൂരിൽ ചെന്നപ്പോഴുണ്ടായത്. അവിടെ പെട്ടുപോയി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അടക്കമുള്ളവർ അതിന് മുൻപന്തിയിൽ നിന്നു. ഉറപ്പായിട്ടും ജയിക്കുമെന്ന് പറഞ്ഞാണ് തൃശൂരിൽ എന്നെ കൊണ്ടിട്ടത്. ഭാഗ്യത്തിന് എങ്ങനെയോ തടിയൂരി കുഴപ്പമില്ലാതെ ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്.
തൃശൂരിലെ വോട്ടുകൾ ബിജെപിയിലേക്ക് പോയത് ഇപ്പോഴും കോൺഗ്രസിലെ വിദ്വാന്മാർ അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസ്സാണെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു കെ. മുരളീധരന്റെ വിമർശനം. ഒരുമിച്ച് നിൽക്കേണ്ട സമയമായതിനാൽ കൂടുതൽ പറയുന്നില്ലെന്നും മുരളീധരൻ തുറന്നടിച്ചിരുന്നു.