ന്യൂഡൽഹി: പിഴ അടക്കുന്ന കാര്യത്തിൽ ആദായ നികുതി വകുപ്പിന്‍റേത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ്. കോൺഗ്രസിന്‍റെ നികുതി ലംഘനത്തിന് പിഴ ചുമത്തിയപ്പോൾ ബി.ജെ.പിയുടെ ലംഘനത്തെ കുറിച്ച് ആദായ നികുതി വകുപ്പ് പൂർണമായി നിശബ്ദത പാലിച്ചെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019ലെ കണക്കാണ് ഇപ്പോൾ ചോദിക്കുന്നത്. കോൺഗ്രസിന്‍റെ എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ് സൈറ്റിലുണ്ട്്. 1,700 കോടി അടക്കണമെന്ന ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അജയ് മാക്കൻ വ്യക്തമാക്കി.
ബി.ജെ.പിക്ക് സംഭാവന ലഭിച്ചത് സംബന്ധിച്ച കണക്ക് ദുരൂഹമാണ്. അവർ നൽകിയ വിവരങ്ങൾ പൂർണമല്ല. കോൺഗ്രസിനെതിരെ നടപടി സ്വീകരിച്ച പോലെയെങ്കിൽ ബി.ജെ.പി 4,600 കോടി രൂപ പിഴ അടക്കാനുണ്ട്.
സഹാറ-ബിർള ഡയറി പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ആ ഡയറിയിൽ മോദിയുടെ പേരുണ്ടെന്നും അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.