ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്ക് ഒപ്പം മറ്റ് അഞ്ചു മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സുൽത്താൻപുർ മജ്റ എംഎൽഎ മുകേഷ് അഹ്ലാവത്താണ് മന്ത്രിസഭയിലെ ഏക പുതുമുഖം. കെജ്‌രിവാൾ മന്ത്രിസഭയിലെ ഗോപാൽ റായ്, കൈകലാഷ് തഗലോട്ട്, സൗരഭ് ഭരവാജ്, ഇമ്രാൻ ഹുസൈൻ എന്നി മന്ത്രിമാർ തുടരാനാണ് തീരുമാനം.
വകുപ്പുകളിൽ മാറ്റം വരുത്തിയേക്കും എന്നും സൂചനയുണ്ട് . ലളിതമായിട്ടായിരിക്കും സത്യപ്രതിജ്‌ഞാച്ചടങ്ങുകൾ എന്ന് ആം ആദ്മി പാർട്ടി അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് പേർ ആകാമെങ്കിലും നിലവിൽ ആറ് പേരാണുള്ളത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ കെജ്‌രിവാൾ മന്ത്രിസഭയിലെ രാജ്കുമാർ ആനന്ദ് രാജിവച്ചിരുന്നു. ഈ ഒഴിവാണ് ഇപ്പോഴും തുടരുന്നത്. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്. കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു.