കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.
പൾസർ സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യവ്യവസ്ഥകൾ വേണമെന്ന് പ്രോസിക്യൂഷൻ കോടിയിൽ വാദിച്ചിരുന്നു. പ്രതിയുടെ ജയിൽ മോചനം അതിജീവിതയുടെ ജീവന് ഭീഷണി ആകരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഒരു തരത്തിലും അവരുടെ ജീവിതത്തിലേക്ക് കടന്നു കയറരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പൾസർ സുനി വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുതെന്ന് ഉറപ്പാക്കണമെന്നും സുനിയുടെ ജീവന് സംരക്ഷണം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ സാധാരണ വ്യവസ്ഥകൾക്കപ്പുറത്തേക്ക് പ്രത്യേക വ്യവസ്ഥകൾ നിർദേശിക്കാനുണ്ടോയെന്ന് കോടതി ചോദിച്ചു.
സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടത് ഉണ്ടോയെന്നും കോടതി ചോദിച്ചു. സുനി എല്ലാ ദിവസവും സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലാണ് കോടതിയുടെ ചോദ്യം. ജീവന് ഭീഷണിയുണ്ടെന്ന പേരിൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.