കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കോൺഗ്രസ്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പ്രതിഷേധ കൂട്ടായ്മയും സെപ്റ്റംബര്‍ 28ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനവും നടത്തും. എറണാകുളത്ത് ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം. 14 ജില്ലകളിലും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേർന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. എഴുപത് ശതമാനത്തോളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തികരിച്ചതായി നേതാക്കള്‍ യോഗത്തെ അറിയിച്ചു. ഇതുവരെ 210 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായി. ഇനിശേഷിക്കുന്നത് 72 എണ്ണം മാത്രമാണ്. സെപ്റ്റംബര്‍ 30 നകം ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഉറപ്പുനല്‍കി. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണത്തിന്റെ സമയപരിധി വയനാട് ദുരന്തം കണക്കിലെടുത്ത് ഒക്ടോബര്‍ 15വരെ നീട്ടി. സംഘടനാപരമായ മികച്ച പുരോഗതി മിഷന്‍ 2025-വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി.