തിരുവനന്തപുരം : ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഡിഫറന്റ് ആർട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന അഞ്ചാം ഭാരതയാത്രയ്ക്ക് ഒക്ടോബർ ആറിനു കന്യാകുമാരിയിൽ തുടക്കമാകും. ഇൻക്ലൂസീവ് ഇന്ത്യാ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 22-ന് ഡിഫറന്റ് ആർട് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ചടങ്ങിനോടനുബന്ധിച്ച് നർത്തകി മേതിൽ ദേവികയുടെ സൈൻ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവും ബുൾ ബുൾ വാദകൻ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്‌കാരവും നടക്കും. തുടർന്ന് ഗോപിനാഥിന്റെ ബോധവത്കരണ ഇന്ദ്രജാല പരിപാടിയുടെ അവതരണവും നടക്കും. ഇൻക്ലൂസീവ് ഇന്ത്യാ യാത്രയുടെ പ്രഖ്യാപനം ശശി തരൂർ എം.പി. നിർവഹിച്ചു.
ഇന്ത്യൻ പാർലമെന്റ് പോലും ഭിന്നശേഷി സൗഹൃദമല്ലെന്ന് തരൂർ പറഞ്ഞു. ചടങ്ങിൽ പാരാഒളിമ്പ്യൻ ബോണിഫെയ്‌സ് പ്രഭുവിനെ ആദരിച്ചു.