ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയും സ്ത്രീകളല്ലേ? ഹയര്‍ സെക്കണ്ടറിയിലും ഉന്നത വിദ്യാഭ്യാസത്തിലും പകുതിയും സ്ത്രീകളല്ലേ? ഇങ്ങനെയിരിക്കെ സംവിധാനത്തില്‍ അവരുടെ പങ്കാളിത്തം എന്തുകൊണ്ടാണ് കുറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സര്‍ക്കാരില്‍ തുല്ല്യപങ്കാളിത്തം ലഭിച്ചാല്‍ മാത്രമെ സ്ത്രീകളുടെ കഴിവ് പൂര്‍ണ്ണമായും ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
പുതിയ സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീ സംവരണം കൊണ്ടുവരുമെന്ന വാഗ്ദാനവും രാഹുല്‍ മുന്നോട്ടു വെച്ചു. സുരക്ഷിത വരുമാനം, ഭാവി, സ്ഥിരത, ആത്മാഭിമാനം എന്നിവയുടെ സ്ത്രീകളാണ് സമൂഹത്തിന്റെ ശക്തിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അമ്പത് ശതമാനം സ്ത്രീകള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നതോടെ അവരുടെ കരുത്ത് ഇരട്ടിക്കുമെന്നും ഇത് രാജ്യത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
‘മഹാലക്ഷ്മി’ ഗ്യാരണ്ടി പ്രകാരം രാജ്യത്തെ പാവപ്പെട്ട ഓരോ കുടുംബത്തിലെ സ്ത്രീകള്‍ക്കും വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ പണമായി കൈമാറുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.