തിരുവനന്തപുരം: വിവാദങ്ങൾക്കു പിന്നാലെ, ത്യശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം.ആർ അജിത്കുമാർ. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനാണ് റിപ്പോർട്ട് നൽകിയത്. ഇന്ന് വൈകീട്ട് ദൂതൻ വഴിയാണ് എഡിജിപി റിപ്പോർട്ട് കൈമാറിയത്. 600 പേജുള്ള റിപ്പോർട്ടാണ് കൈമാറിയത്. റിപ്പോർട്ട് നാളെ ഡിജിപി പരിശോധിക്കും. തുടർന്ന് കുറിപ്പോടു കൂടി മുഖ്യമന്ത്രിക്ക് കൈമാറും.
റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന അന്ത്യശാസനത്തെ തുടർന്നായിരുന്നു ഇത്. നേരത്തെ, ഈ മാസം 24ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വിവാദം ഉയർന്നതോടെയാണ് അന്ത്യശാസനം നൽകിയത്. പൂരം കലക്കലിൽ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
അതിനാൽ ആരെയൊക്കെ പഴിചാരിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നത് ഇതിന്റെ ഉള്ളടക്കം പുറത്തുവന്നാൽ മാത്രമേ അറിയാനാവൂ. പൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷിക്കാൻ അഞ്ചു മാസം മുൻപാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു അന്നത്തെ നിർദേശമെങ്കിലും അഞ്ച് മാസം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
ഇതിനിടെ, പൂരം അലങ്കോലമായതിൽ അന്വേഷണം നടന്നില്ലെന്ന ഡിജിപിയുടെ ഓഫീസിൽനിന്നുള്ള വിവരാവകാശ മറുപടി പുറത്തുവരികയും ഇത് വിവാദമാവുകയും ഇതിനെതിരെ വിമർശനവുമായി സിപിഐ നേതാവ് വി.എസ് സുനിൽകുമാർ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.