ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെടാൻ ദേശീയ വനിതാ കമ്മിഷൻ തീരുമാനം. കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരിൽനിന്ന് മൊഴിയെടുക്കാനാണ് തീരുമാനം. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ട് കേരള സർക്കാരിന് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചിരുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയോട് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പുർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചത്.
ആഗസ്റ്റ് 31ന് അയച്ച കത്തിൽ ഇതുവരെയും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷൻ അംഗങ്ങൾ കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. കേരള ഹൈക്കോടതിക്ക് പിന്നാലെ ദേശീയ വനിതാ കമ്മിഷനും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കും.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സാക്ഷിമൊഴികൾ സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. അന്വേഷണ സംഘത്തിന്റെ നിർണായക യോഗത്തിൽ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഘത്തിലെ വനിതാ ഐ.പി.എസുകാരാവും മൊഴിയെടുക്കുക. കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നത്.
ഹൈകോടതി നിർദേശത്തെ തുടർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന് സാംസ്കാരിക വകുപ്പു സെക്രട്ടറി കൈമാറിയത്. വിവരാവകാശ കമീഷണറുടെ നിർദേശപ്രകാരം പുറത്തുവിടാത്ത റിപ്പോർട്ടിന്റെ ഭാഗംകൂടി ഉൾപ്പെടുത്തിയുള്ള പൂർണ റിപ്പോർട്ടാണ് കൈമാറിയത്. മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് പല ഭാഗങ്ങളിലായാണ് നൽകിയത്. ഉദ്യോഗസ്ഥര്‍ ഇതു പരിശോധിച്ചാണ് കൂടുതല്‍ മൊഴി വേണ്ടിവരുന്നതും സ്വമേധായ കേസെടുക്കേണ്ടിവരുന്നതുമായവ സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ തുടര്‍നടപടികൾ ഉണ്ടായേക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തേ പൊലീസ് മേധാവിക്ക് കൈമാറിയിരുന്നെങ്കിലും ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിനുള്ള സാധ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്നാണ് പൂര്‍ണ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചത്. നടപടികള്‍ സംബന്ധിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും നിർദേശമുണ്ട്.