റിയാദ്: സൗദിയിലെ റിയാദിലെ ഇത്തവണത്തെ ബുക്ക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും. ഒക്ടോബർ അഞ്ചു വരെ നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ രണ്ടായിരം പ്രസാധകർ പങ്കെടുക്കും. മുപ്പത് രാഷ്ട്രങ്ങൾ പങ്കാളിയാവുന്ന മേളയിൽ വിശിഷ്ടാതിഥി രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് ഖത്തറിനെയാണ്. റിയാദിയിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലായിരിക്കും പുസ്തക മേള അരങ്ങേറുക.
വരുന്ന വ്യാഴാഴ്ചയോടെ റിയാദ് ബുക്ക് ഫെയറിന് തുടക്കമാകും. ഒക്ടോബർ അഞ്ചു വരെ നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ രണ്ടായിരം പ്രസാധകരുടെ പുസ്തകങ്ങളായിരിക്കും പ്രദർശിപ്പിക്കുക. 800 പാവലിയനുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മുപ്പതിലധികം രാജ്യങ്ങൾ മേളയുടെ ഭാഗമാകും. പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ അതോറിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. അറബ് സാഹിത്യ ലോകത്തെ സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രധാനികൾ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും മേളയുടെ ഭാഗമാകും.
മേളയുടെ ഭാഗമായി സാഹിത്യ മേഖലയിലെ പുതിയ കൃതികളും പരിചയപ്പെടുത്തും. സാഹിത്യത്തെ പരിപോഷിപ്പിക്കുക. പുതിയ വായനക്കാരെയും എഴുത്തുകാരെയും കണ്ടെത്തുക. അറബ് സാഹിത്യത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക, പ്രസാധകരെ പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. മേളയിലെ ഇത്തവണത്തെ വിശിഷ്ടാതിഥി രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് ഖത്തറിനെയാണ്. സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.