നൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലകൾക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. യുപിയിലെ ഏറ്റുമുട്ടൽ കൊലകളെല്ലാം സംശയനിഴലിലാണെന്നും അവയിലെല്ലാം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സുൽത്താൻപൂർ ജ്വല്ലറി കവർച്ച കേസിലെ രണ്ടാം പ്രതിയെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ കൊലയെന്ന പൊലീസ് വാദം തള്ളിയ പ്രിയങ്ക സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. സുൽത്താൻപൂർ ജ്വല്ലറി കവർച്ച കേസിലെ രണ്ടാം പ്രതി അനുജ് പ്രതാപ് സിങ് കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റ് 28 ന് അചൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുൽത്താൻപൂർ നഗരത്തിലേ തത്തേരി മാർക്കറ്റിലെ ഭാരത് ജ്വല്ലേഴ്സിൽ നിന്ന് ഏകദേശം 1.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. കേസിലെ മുഖ്യപ്രതി മങ്കേഷ് യാദവ് സെപ്റ്റംബർ അഞ്ചിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.