Tuesday, September 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി

മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി

ബെംഗളൂരു: മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചു. മുഡ കേസുമായി ബന്ധപ്പെടുത്തി മുന്‍ പ്രതികളെ വിചാരണ ചെയ്യാമെന്ന ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ ഉത്തരവിനെതിരെയായിരുന്നു സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് അനുമതി നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന സിദ്ധരാമയ്യയുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. സ്വകാര്യ പരാതിയില്‍ വിചാരണക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ രാഷ്ട്രീയ പ്രേരിതമായി പെരുമാറിയെന്നും സിദ്ധരാമയ്യ കോടതിയില്‍ ബോധ്യപ്പെടുത്തിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കറുത്ത പൊട്ടു പോലുമുണ്ടായിട്ടില്ലെന്ന് വാദിച്ച സിദ്ധരാമയ്യ തന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്ത് ഗവര്‍ണറോട് അനുമതി തേടുന്നത് ന്യായമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം പരാതിക്കാര്‍ക്ക് അനുമതി തേടാമെന്നും ഗവര്‍ണര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും നാഗപ്രസന്ന വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സിദ്ധരാമയ്യയോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിക്കുന്നത്.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്കിയത്. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പാര്‍വതിക്ക് അവരുടെ സഹോദരന് നല്കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments