ന്യൂഡൽഹി: ബലാത്സംഗക്കേസിൽ സുപ്രിംകോടതിയിൽ ഹരജി നൽകാൻ നടൻ സിദ്ദിഖ് നീക്കം നടത്തുന്നതിനിടെ തടസവാദ ഹരജിയുമായി അതിജീവിതയും. സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് നടി കോടതിയെ അറിയിക്കും.
സുപ്രിംകോടതിയിൽ ഹരജി നൽകാനായി സിദ്ദിഖിന്റെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയതായാണു പുറത്തുവരുന്ന വിവരം. മുകുൾ റോഹ്തഗിയുടെ സംഘവുമായാണു സംസാരിച്ചത്. ബലാത്സംഗ പരാതി നൽകാൻ വൈകിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണു നീക്കം നടക്കുന്നത്.
സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പരാതിക്കാരിയുടെ ആരോപണം ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഹരജി തള്ളിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ജാമ്യം അനുവദിക്കണമെന്നുമടക്കമുള്ള സിദ്ദിഖിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
അതിനിടെ, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ഊർജിതമാക്കിയിരിക്കുകയാണ്. കൊച്ചിയിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ നടൻ എവിടെയാണെന്നതിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. എറണാകുളത്തെ ഇരു വീടുകളിലും സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല.