കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവച്ച ഭാഗം പുറത്തുവിടില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍. ലൈംഗിക അതിക്രമങ്ങള്‍ അടക്കം വിശദീകരിക്കുന്ന ഈ ഭാഗം നല്‍കാനാകില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സാംസ്ക്കാരിക വകുപ്പിന്‍റെ മറുപടി. പരസ്യപ്പെടുത്താന്‍ തടസമില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയ ഭാഗമാണ് സ്വകാര്യതയെ ബാധിക്കുമെന്ന് വാദിച്ച് സാംസ്ക്കാരിക വകുപ്പ് ഒളിച്ചുകളിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 97 മുതല്‍ 108വരെയുള്ള ഖണ്ഡികകള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് രഹസ്യമായി സൂക്ഷിക്കുന്നു? ആരെ സംരക്ഷിക്കാന്‍? പരസ്യപ്പെടുത്താന്‍ തടസമില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയ ഈ ഭാഗം സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ അതിലുണ്ടായിരുന്നില്ല. 97 മുതല്‍ 108വരെയുള്ള ഖണ്ഡികകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ അപേക്ഷയ്ക്കും നിഷേധാത്മക സമീപനമാണ് സാംസ്ക്കാരിക വകുപ്പിന്‍റെ ഭാഗത്തുനിന്നുള്ളത്. റിപ്പോര്‍ട്ടിലെ 96 മത്തെ ഖണ്ഡികയും 165 മുതല്‍ 196വരെയുള്ള ഖണ്ഡികകളും അനുബന്ധവും ഒഴികെ ബാക്കിയുള്ളത് പുറത്തുവിടാമെന്നാണ് വിവരാവകാശ കമ്മിഷന്‍ ജൂലൈ 5ന് വ്യക്തമാക്കിയത്.